Monday, August 30, 2010

സ്വര്‍ഗ്ഗം ഒരു വ്യഭിചാര ശാലയോ?

സ്വര്‍ഗ്ഗം ഒരു വ്യഭിചാര ശാലയോ?
കെ.കെ. ആലിക്കോയ

(യുക്തിവാദിയായ ഇ. എ. ജബ്ബാറിന്‍റെ ഖുര്‍ആന്‍ സംവാദം എന്ന ബ്ലോഗില്‍ "മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്‌ഷ്യം ഒരു നാലാം കിട വ്യഭിചാരശാലയിലേക്കുള്ള സീസണ്‍ ടിക്കറ്റോ?" എന്ന ശീര്‍ഷകത്തില്‍ ഒരു ലേഖനമുണ്ട്. അതിന്നെഴുതിയ ഒരു പ്രതികരണമാണിത്.)

ഇസ്‌ലാം എന്ത് പറഞ്ഞാലും അതിനെ മോശമായ അര്‍ത്ഥത്തിലേ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുകയുള്ളു എന്ന തീരുമാനം യുക്തിയല്ല; യുക്തിവാദവുമല്ല. ഖുര്‍ആന്‍ പരിചയപ്പെടുത്തിയ സ്വര്‍ഗ്ഗം ഒരു വ്യഭിചാരശാലയാണെന്ന രീതിയല്‍ ഖുര്‍ആന്‍ സംവാദം എന്ന ബ്ലോഗിലവതരിപ്പിച്ച വാദം ഒരു മുന്‍വിധിയുടെ സൃഷ്ടിയാണ്‌; അതാണെന്നതിന്ന് വേണ്ടുവോളം തെളിവുകള്‍ ജബ്ബാറിന്‍റെ ലേഖനത്തിലുണ്ട്. അതിന്‍റെ ഹെഡ്ഡിംഗ് തന്നെയാണ്‌ ഒന്നാമത്തെ തെളിവ്. സ്വര്‍ഗ്ഗത്തെക്കുറിക്ക് സുദീര്‍ഘമായ വിവരണം അദ്ദേഹം ഖുര്‍ആനില്‍ നിന്ന് ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍ ആ സ്വര്‍ഗം ഒരു വ്യഭിചാരശാലയാണെന്ന് ധ്വനിപ്പിക്കുന്ന ഒന്നും അതിലില്ല. 'അവര്‍ക്ക് വിശുദ്ധരായ ഇണകളുണ്ടാകും' എന്നാണ്‌ ഖുര്‍ആന്‍ പറഞ്ഞത്. (ആദ്ധ്യായം 2: സൂക്തം 25) 'വിശുദ്ധരായ ഇണകള്‍' എന്നതിന്ന് 'നികൃഷ്ടരായ വ്യഭിചാരിണികള്‍' എന്ന് അര്‍ത്ഥം കല്‍പ്പിക്കുന്നതിന്‍റെ യുക്തിയാണ്‌ മനസ്സിലാകാത്തത്.
ഒരു സ്ത്രീയുമായി അവളുടെ നിയമപ്രകാരമുള്ള ഇണയല്ലാത്ത ഒന്നോ അതിലധികമോ പുരുഷന്‍മാര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്നാണ്‌ വ്യഭിചാരം എന്ന് പറയുന്നത്. പണമോ കേവല 'സുഖ'മോ ആവാം ഈ വൃത്തികേടിന്‍റെ ലക്‌ഷ്യം. എന്നാല്‍ സ്വര്‍ഗ്ഗത്തിലെ ഒരു സ്ത്രീയുമായി അവളുടെ നിയമപ്രകാരമുള്ള ഇണയല്ലാത്ത ഒന്നോ അതിലധികമോ പുരുഷന്‍മാര്‍ ബന്ധപ്പെടുമെന്ന ഒരു നേരിയ സൂചനയെങ്കിലും ഖുര്‍ആനിലുണ്ടോ? ഇല്ലെന്ന് മാത്രമല്ല; മറിച്ചുള്ള സൂചന ധാരാളമുണ്ട് താനും. ഖുര്‍ആനില്‍ നിന്ന് ജബ്ബാര്‍ ഉദ്ധരിച്ച ചില സൂക്തങ്ങള്‍ കാണുക: "അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക്‌ മുമ്പ്‌ മനുഷ്യനോ, ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല. 55:56"
അഥവാ ആര്‍ക്കാണോ ഈ സ്ത്രീകള്‍ ഇണകളായി നല്‍കപ്പെടുന്നത് അവരല്ലാതെ മറ്റാരും അവരെ സ്പര്‍ശിച്ചിട്ടില്ല. അത് മാത്രവുമല്ല ദൃഷ്ടി നിയന്ത്രിക്കുന്നവരുമാണവര്‍. അഥവാ അവ്രുടെ ഇണകളെയല്ലാതെ മറ്റാരെയും നോക്കാന്‍ പോലും ശ്രമിക്കാത്തവര്‍!
"അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു.
സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു. 56:10-37"
കന്യകയെന്ന സങ്കല്‍പ്പത്തെ ആദരിക്കാന്‍ ഒരു യുക്തിവാദിക്ക് കഴിയില്ലായിരിക്കാം. എന്നാലും അതിന്‍റെ അര്‍ത്ഥം അറിയാതെ പോകുന്നത് ഉചിതമല്ലല്ലോ.
കന്യകമാരായ വ്യഭിചാരിണികളുണ്ടാകുമോ??
അതും പരിശുദ്ധരായ വ്യഭിചാരിണികള്‍?
അന്യരാരും സ്പര്‍ശിക്കാത്ത വ്യഭിചാരിണികള്‍?
അന്യ പുരുഷനെ കണ്ണുയര്‍ത്തി നോക്കുക പോലും ചെയ്യാത്ത വ്യഭിചാരിണികള്‍?
അങ്ങനെയൊന്ന് സ്വര്‍ഗ്ഗത്തിലുണ്ടെങ്കില്‍ എല്ലാവരും ശ്രമിക്കേണ്ടത് ആ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരാനാണ്‌. കാരണം, ലോകാല്‍ഭുതങ്ങള്‍ പലതും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഈ ലോകത്ത് നമുക്ക് കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത ഈ അല്‍ഭുതം ഒന്ന് നേരില്‍ കാണാന്‍ വേണ്ടി നമുക്കൊന്ന് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ശ്രമിക്കാം.

കന്യകമാരായ, മറ്റാരും സ്പര്‍ശിക്കാത്ത, മറ്റാരെയും നോക്കുക പോലും ചെയ്യാത്ത വിശുദ്ധരായ ഇണകളെ അല്ലാഹു സ്വര്‍ഗ്ഗത്തില്‍ മനുഷ്യന്ന് നല്‍കും എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. എന്നാല്‍ ആ സ്വര്‍ഗ്ഗത്തെ വ്യഭിചാരശാലയെന്ന് വിളിക്കാനാണ്‌ യുക്തിവാദിക്ക് താല്‍പര്യം. എന്നാല്‍ കന്യക, സ്ത്രീകളുടെ പരപുരുഷ ബന്ധം, ചരിത്ര്യശുദ്ധി ഇവയെക്കുറിക്കുള്ള യുക്തിവാദ കാഴ്ചപ്പാട് എന്താണെന്ന് നോക്കാം.
1999 സെപ്റ്റമ്പര്‍ ലക്കം യുക്തിരേഖയില്‍ നിന്ന്:
1. "... വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധങ്ങള്‍ പാപമാണെന്ന് പ്രഖ്യാപിക്കുന്നതും കന്യകമാരായിരിക്കാന്‍ അവിവാഹിതകളെ നിര്‍ബന്ധിക്കുന്നതും തെറ്റാണ്‌."
2. "അവിവാഹിതയുടെ ലൈംഗിക ബന്ധം പോലെ തന്നെ അവരുടെ ഗര്‍ഭധാരണവും പ്രസവവും അന്തസ്സ് കെട്ട ഒരു ഒരു പ്രവൃത്തിയായിട്ടാണ്‌ യാഥാസ്ഥിതിക സമൂഹം വീക്ഷിക്കുന്നത്. ഇത് സ്ത്രീകളുടെ മൌലികാവകാശവുമായി ബന്ധപ്പെട്ട ഒരു സംഗതിയാണ്‌."
3. "പഴയ സോവിയറ്റ് യൂണിയനില്‍ ഇത്തരത്തിലുള്ള പതിനായിരക്കണക്കിന്‌ അമ്മമാരുണ്ടായിരുന്നു. പാശ്ചാത്യ നാടുകളിലും ഈ പ്രവണത ഇപ്പോള്‍ സാമൂഹ്യമായ അംഗീകാരം നേടിയിട്ടുണ്ട്."
4. "വിവാഹ പൂര്‍വ്വമായിട്ടുള്ളതും വിവാഹ ബാഹ്യമായിട്ടുള്ളതുമൊക്കെയായ ലൈംഗിക ബന്ധങ്ങള്‍ സ്വകാര്യതയുടെ അതിരുകള്‍ ലംഘിച്ചു തുടങ്ങിയാല്‍ ഗുരുതരമായ സാമൂഹ്യ പ്രശ്നമായി തീരുമെന്നതില്‍ സംശയമില്ല. അതെന്തായിരുന്നാലും ശരി ആധുനികവും ശാസ്ത്രീയവുമായ സദാചാര മൂല്യങ്ങള്‍ അംഗീകരിക്കപ്പെടുമ്പോള്‍ മാത്രമേ സ്ത്രീക്ക് ലൈംഗിക സ്വാതന്ത്ര്യവും വ്യക്തിത്വവും നേടാന്‍ സാധിക്കുകയുള്ളു. മത യാഥാസ്ഥിക പിന്തിരിപ്പന്‍ സമൂഹങ്ങളുടെ പുരുഷാധിപത്യ സദാചാര നിയമങ്ങള്‍ തേര്‍വാഴ്ച നടത്തുന്ന വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടം സന്ധിയില്ലാതെ തുടരുന്നതിലൂടെ മാത്രമേ ആധുനിക സമൂഹത്തെ സൃഷ്ടിക്കാനാവുകയുള്ളു."
കന്യകയെ കാണുമ്പോള്‍ ഒരു യുക്തിവാദിക്ക് പറയാനുള്ളതെന്തായിരിക്കും?: ഈ കന്യകാത്വം നീ കാത്തുസൂക്ഷിക്കരുത്; കാരണം ഇത് നിന്‍റെ അടിമത്തത്തിന്‍റെ അടയാളമാണ്‌. അത് നശിപ്പിക്കലാണ്‌ നിന്‍റെ സ്വാതന്ത്ര്യം എന്നാണ്‌. ഒരു വിവാഹിതയോടിവര്‍ക്ക് പറയാനുള്ളത്: നീ പതിവ്രത ആകാന്‍ പാടില്ല; അത് സ്ത്രീ സ്വാതന്ത്ര്യത്തിന്ന് വിരുദ്ധമായ അറുപിന്തിരിപ്പന്‍ പുരുഷാധിപത്യ സങ്കല്‍പ്പത്തിന്‍റെ സൃഷ്ടിയാണ്‌. അത് കൊണ്ട് വിവാഹ ബാഹ്യമായ ലൈംഗിക ബന്ധം നിനക്കുണ്ടാകണം: അപ്പോള്‍ മാത്രമേ നീ സ്വതന്ത്ര ആവുകയുള്ളു.
അവിവാഹിതരായ അമ്മമാരോടിവര്‍ക്ക് പറയാനുള്ളതിതാണ്‌: നിങ്ങളാണ്‌ യഥാര്‍ത്ഥ സ്വതന്ത്ര സ്ത്രീകള്‍; കന്യകകളും പതിവ്രതകളും ആധുനിക കാലഘട്ടത്തിന്‍റെ മൂല്യം മനസ്സിലാക്കിയിട്ടില്ലാത്ത പഴഞ്ചന്‍മാരാണ്‌. യാഥാസ്ഥിക പിന്തിരിപ്പന്‍ സമൂഹം നിര്‍മ്മിച്ച പുരുഷാധിപത്യ സദാചാര തേര്‍വാഴ്ചയ്ക്ക് അടിമപ്പെട്ടവരാണവര്‍. നിങ്ങളെ സമൂഹം പുച്ഛിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ കുഴപ്പം കൊണ്ടല്ല; സമൂഹത്തിന്‍റെ തെറ്റായ മൂല്യ സങ്കല്‍പ്പങ്ങളാണ്‌ അതിന്ന് കാരണം. ആ സദാചാര മൂല്യങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചവരാണ്‌ ഞങ്ങള്‍. നിങ്ങളാണ്‌ ഞങ്ങളുടെ പ്രചോദനം; നിങ്ങളാണ്‌ ഞങ്ങളുടെ മാതൃക. ഭൂമിയിലെ സകല സ്ത്രീകളും നിങ്ങളെ പോലെ സ്വതന്ത്രരാകുന്ന നാളിലാണ്‌ ഞങ്ങളുടെ വിപ്ലവം വിജയിക്കുന്നത്.
എന്നിട്ടോ, അല്ലാഹുവിന്‍റെ സ്വര്‍ഗ്ഗത്തിന്ന് നേരെ തിരിഞ്ഞിട്ട് നാല്‌ ആട്ടും തുപ്പും. വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്നല്ലാതെ എന്ത് പറയാന്‍!

യുക്തിവാദിക്ക് അല്ലാഹുവിന്‍റെ സ്വര്‍ഗ്ഗത്തോടുള്ള എതിര്‍പ്പിന്‍റെ കാരണങ്ങള്‍ എന്തെല്ലാമാണ്‌?
സ്വര്‍ഗ്ഗത്തിലെ സ്ത്രീകളെ അവരുടെ ഇണകള്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കും വരെ കന്യകകളായിരിക്കാന്‍ അല്ലാഹു നിര്‍ബന്ധിക്കുന്നു. വിശുദ്ധരായ ഇണകളായിരിക്കാന്‍ സ്വര്‍ഗ്ഗത്തിലെ സ്ത്രീകളെ അല്ലാഹു നിര്‍ബന്ധിക്കുന്നു. സ്വന്തം ഇണകളെയല്ലാതെ മറ്റാരെയും നോക്കുക പോലും ചെയ്യാത്തവരായി അവരെ അല്ലാഹു സംവിധാനിച്ചിരിക്കുന്നു. ഇത്തരം ആശയങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം നടത്തുന്നവന്ന്, സ്വര്‍ഗ്ഗത്തില്‍, അല്ലാഹു ഇടമനുവദിക്കുകയില്ലെന്ന് യുക്തിവാദി മനസ്സിലാക്കുന്നു.
ഇതൊക്കെയാണ്‌ യുക്തിവാദിക്ക് സ്വര്‍ഗ്ഗത്തോടുള്ള എതിര്‍പ്പിന്‌ കാരണം. അഥവാ അതൊരു വ്യഭിചാരശാല ആയതല്ല; ആകാതിരുന്നതാണ്‌ യുക്തിവാദിയായ ഇ. എ. ജബ്ബാറിനെ രോഷം കൊള്ളിക്കുന്ന കാര്യം.

6 comments:

kalmaloram said...

The fontsize is too small to read. So plz edit it soon to be legible.ma'ssalam-latheef maloram

ഉരിയാടപയ്യന്‍ said...
This comment has been removed by the author.
ഉരിയാടപയ്യന്‍ said...
This comment has been removed by the author.
ഉരിയാടപയ്യന്‍ said...
This comment has been removed by the author.
Abdul Khader EK said...

നല്ല ലേഖനം, ആളുകള്‍ വായിക്കട്ടെ, സത്യം അവര്‍ അറിയട്ടെ, നാം പറയണം, നാം പറയാതെ സത്യം അവര്‍ എങ്ങിനെ അറിയാനാണ്.
അള്ളാഹു താങ്ങളുടെ ഈ പരിശ്രമം സ്വീകരിച്ചു തക്കതായ പ്രതിഫലം നല്‍കട്ടെ, ആമീന്‍ എന്ന് പ്രാര്‍ത്തിക്കുന്നു.
ബാക്ക് റൌണ്ട് കളറും ഫോണ്ട് കളറും കണ്ണിനു പ്രശ്നമുണ്ടാക്കുന്നുന്ടു.

പുന്നകാടൻ said...

സഹിഷ്ണതയുടെ..അടയാളമാണു ..മുകളിൽ കൊടുറ്റ്തിരിക്കുന്നത്‌ താൻകൾ പ്രതികരിക്കുമല്ലൊ....?